റെയിൻബോ കറൻസി പോക്കറ്റ് നിറയെ നിറങ്ങൾ‌ ട്രോളുമായി ട്വിറ്റർ ലോകം
ദില്ലി: അടുത്ത സെപ്തംബറിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ നൂറ് രൂപ നോട്ടിന് വൻവരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകിയിരിക്കുന്നത്. ലാവൻഡർ നിറത്തിലാണ് പുതിയ നോട്ടുകൾ അച്ചടിക്കുക. നോട്ടിന്റെ പുറക് വശത്ത് ഗുജറാത്തിലെ റാണി കി വാവ് കോട്ടയുടെ ചിത്രം പതിപ്പിക്കും. 66 മില്ലിമീറ്റർ വീതിയും 142 മി.മീ നീളവുമുള്ള നോട്ടാണ് അച്ചടിക്കാനൊരുങ്ങുന്നത്. മഹാത്മാഗാന്ധി സീരിയസിലുള്ള ഇൗ പുതിയ നോട്ട് വന്നാലും പഴയ നോട്ടുകൾ ഉപയോഗിക്കാനുള്ള അവസരവുമുണ്ട്.
2016 ലെ നോട്ട് നിരോധന കാലത്ത് നൂറ് രൂപ നോട്ടുകൾക്ക് നിറം മങ്ങിയിരുന്നു. പിന്നീട് മജന്ത നിറത്തിൽ രണ്ടായിരത്തിന്റെ നോട്ടും ഗ്രേ നിറത്തിൽ അഞ്ഞൂറിന്റെ നോട്ടും വന്നു. അമ്പതിന്റെയും പത്തിന്റെയും നോട്ടുകൾക്കും നിറം മാറിയിരുന്നു. പുതിയ നോട്ടിന്റെ നിറം പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയ കാത്തിരിക്കുകയാണ്. ഒപ്പം പുതിയ നോട്ടിന്റെ കാര്യത്തിൽ പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും പങ്ക് വയ്ക്കുകയാണ് ട്വിറ്റർ ലോകം. നിരവധി പേരാണ് പുതിയ നോട്ടിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാം ട്രോൾ രൂപത്തിലാണെന്ന് മാത്രം.
റിസർവ്വ് ബാങ്കിന്റെ നോട്ട് ഡിസൈനിംഗിൽ അഭിനന്ദനമറിയിക്കുന്നുണ്ട് ചിലർ. പോണ്ട്സ് ഡ്രീം ഫ്ളവർ പൗഡറിനുള്ള ആദരാജ്ഞലിയാണ് പുതിയ നൂറ് രൂപ നോട്ട് എന്നാണ് ഒരാളുടെ ട്വീറ്റ്. സാമ്പത്തിക രംഗത്തിന് തിളക്കമില്ലെങ്കിലെന്താ നോട്ടുകളെല്ലാം കളർഫുള്ളല്ലേ എന്ന് മറ്റൊരാൾ. റെയിൻബോ കറൻസി എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഇനി ഇന്ത്യക്കാരുടെ പോക്കറ്റിൽ എല്ലാ നിറങ്ങളുമുണ്ടാകുമെന്നാണ് വേറൊരു ട്വീറ്റ്. ചുരുക്കത്തിൽ ട്രോളുകളുടെ പെരുമഴയാണ് ട്വിറ്ററിൽ. സാധാരണ നോട്ടിനേക്കാൾ ചെറുതായിരിക്കും പുതിയ നോട്ട്.
