കള്ളനോട്ട് മാഫിയയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദ്: ഹൈദരാബാദില്‍ കള്ളനോട്ടുമായി കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഹദ് ഗൗസ്(48), റബിയുല്‍ ഷെയ്ഖ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതിയ 2,000 രൂപ നോട്ടിന്റെ 3.98 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പൊലീസ് പിടികൂടിയത്.
ഹഷമാബാദിലെത്തി കള്ളനോട്ട് കൈമാറാന്‍ ഒരുങ്ങവേയാണ് ടൂവീലറിലെത്തിയ സംഘം പൊലീസ് പിടിയിലായത്. കള്ളനോട്ട് മാഫിയയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
മൊഹദ് ഗൗസ് 2011 മുതല്‍ കള്ളനോട്ട് വിതരണത്തില്‍ സജീവമാണെന്ന് പൊലീസ് പറയുന്നു. പന്ത്രണ്ട് തവണ ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഹൈദരാബാദിലെ പൊലീസ് കമ്മീഷണർ അഞ്ജാനി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
