കാസര്‍കോഡ്: കാസർകോഡ് ചീമേനിയിൽ റിട്ടേർഡ് അധ്യാപിക പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. അയൽവാസികളായ രജീഷ് രാമചന്ദ്രൻ, വൈശാഖ് എന്നിവരേയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യ പ്രതിയായ അരുൺ കഴിഞ മാസം ഗൾഫിലേക്ക് കടന്നിരുന്നു. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഡിസംബർ 13 ന് രാത്രിയാണ് പി.വി ജാനകി കൊല്ലപ്പെട്ടത്. 

മുഖം മൂടി അണിഞെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ജാനകിയേയും ഭർത്താവിനേയും ബന്ധിയാക്കുകയായിരുന്നു. സ്വർണവും പണവും കവർന്ന ശേഷം പ്രതികൾ ഇരുവരുടേയും കഴുത്തറുത്ത് രക്ഷപ്പെട്ടു. ജാനകി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ഭർത്താവ് കളത്തേര കൃഷ്ണൻ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടാനാകുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തിയിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.