തിരുവനന്തപുരം കഴക്കൂട്ടത്ത് നാടൻ ബോംബുമായി രണ്ടുപേരെ പൊലീസ് പിടികൂടി. നേരത്തെ പലതവണ ബോംബുകേസിൽ പെട്ടവരാണ് പിടിയിലായത്
കഴക്കൂട്ടത്തിനടുത്ത് ആറാട്ടുകുഴിയിലാണ് സംഭവം. കഴക്കൂട്ടം സ്വദേശികളായ ഷിബിൻ, സജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നാടൻ ബോംബ് കൈവശം വെച്ചതായി പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണിവർ കുടുങ്ങിയത്. പ്രദേശത്ത് നേരത്തെ ബോംബെറിഞ്ഞ കേസിൽ പിടിയിലായ ആളാണ് ഷിബിൻ. ഷിബിന്റെ സംഘം നേരത്തെ നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് കൈപ്പത്തി മുറിഞ്ഞുപോയിരുന്നു. ഈ കേസിൽ കസ്റ്റഡിയിലായിരിക്കെ, ആശുപത്രിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനും ഷിബിൻ ശ്രമിച്ചിരുന്നു. ശിക്ഷാ കാലവധിക്ക് ശേഷം വീണ്ടും സംഘട്ടനത്തിന് തയ്യാറെടുക്കുമ്പോഴാണ് ഷിബിൻ പിടിയിലാവുന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത നാടൻ ബോംബുകൾ പൊലീസ് നിർവ്വീര്യമാക്കി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
