രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു അറസ്റ്റ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഞ്ചാവ് കൊണ്ടുവന്നത് ആന്ധ്രയിൽ നിന്ന്
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് എക്സൈസ് 20 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിലെ ഏജന്റിന് കൈമാറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
തമിഴ്നാട് തേനി സ്വദേശികളായ സുരേഷും, മാരി രാജനുമാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറൈൻഡ്രൈവിലെത്തിയ എക്സൈസ് സംഘം 10 കിലോ കഞ്ചാവുമായി സുരേഷിനെ പിടികൂടുകയായിരുന്നു. സുരേഷിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 10 കിലോ കഞ്ചാവ് സൂക്ഷിച്ച മാരി രാജനെ കസ്റ്റഡിയിൽ എടുത്തത്. മാരി രാജൻ ട്രെയിനിലാണ് കൊച്ചിയിലേക്ക് കഞ്ചാവ് കൊണ്ടുവന്നത്.
ആന്ധ്രയിലെ വിശാഖപ്പട്ടണത്തും കിഴക്കൻ ഗോദാവരിയിലും കൃഷി ചെയ്യുന്ന കഞ്ചാവ് ഇന്ധന ടാങ്കറുകളിലും ട്രെയിനിലുമായാണ് കേരളത്തിലേക്ക് കടത്തുന്നത്. ആന്ധ്രയിലെ മൊത്തവിതരണക്കാരുമായി വാട്സാപ്പിലൂടെയാണ് ഏജന്റുമാർ ബന്ധപ്പെടുന്നത്. തേനി ആസ്ഥാനമായ സംഘമാണ് കൊച്ചിയിലേക്കുള്ള കഞ്ചാവ് കടത്തിന് പിന്നിൽ. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
