കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കാറും മണല്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അമിത വേഗതയിലായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

രാവിലെ 6.30നാണ് സംഭവം. കോഴിക്കോട് നിന്ന് വരികയായിരുന്ന മണല്‍ ലോറിയാണ് കൊയിലാണ്ടി നന്ദിയില്‍ വച്ച് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. വടകര മര്‍ക്കസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശി ഷബീറലിയുടെ മകളുമായ അസ്ല ഷെറിന്‍, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും ഷബീറലിയുടെ സഹോദരന്റെ മകനുമായ അദ്‌നാന്‍ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെയും ടിപ്പര്‍ ക്ലീനറെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ കല്യാണത്തിന് പോകുന്ന വഴിയാണ് കാര്‍ അപകടത്തില്‍ പെട്ടത്. വാര്‍ഷിക പരീക്ഷയുള്ള കുട്ടികളെ പോകുന്ന വഴി സ്‌കൂളില്‍ ഇറക്കാനായിരുന്നു രക്ഷിതാക്കളുടെ തീരുമാനം. എന്നാല്‍ സ്‌കൂളില്‍ എത്തുന്നതിനു മുന്‍പായിരുന്നു നാടിനെ നടുക്കിയ ദുരന്തം.