രാജസ്ഥാനിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു മരക്കൊമ്പിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത് പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്ന് ബന്ധുക്കൾ
ദില്ലി: രാജസ്ഥാനിലെ ബാൽമറിൽ രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ദുരൂഹസാഹചര്യത്തിൽ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ബാൽമറിലെ സ്വരൂപ് കാതല ഗ്രാമത്തിലാണ് 13ഉം 12 ഉം വയസ്സുള്ള പെൺകുട്ടികളേയും പതിനേഴുകാരനേയും മരക്കൊമ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ പതിനേഴുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നുവെന്ന് പെൺകുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടികളെ കാണാതായെന്നും പിറ്റേന്ന് മരിച്ച നിലയിൽ കാണുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ മകന്‍റേത് ആത്മഹത്യയാണെന്നാണ് പതിനേഴുകാരന്‍റെ അച്ഛൻ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗത്തിന്‍റെ അടയാളങ്ങളൊന്നുമില്ലെന്ന് എസ്.പി ഗംഗാദീപ് സിങ്ഗ്ല പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണം അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പതിനേഴുകാരൻ പെൺകുട്ടികളെ മുൻപ് ശല്യം ചെയ്തിരുന്നെന്നും ഇതിനെക്കുറിച്ച് നാട്ടുകൂട്ടത്തിന് പരാതി നൽകിയതാണെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പറയുന്നു. ദളിത് സമുദായത്തിൽപ്പെട്ടവരാണ് പെൺകുട്ടികൾ. ആൺകുട്ടി ന്യൂനപക്ഷ വിഭാഗക്കാരനുമാണ്. ദുരൂഹ മരണത്തിന് പിന്നാലെ ബാൽമറിൽ സാമുദായിക ചേരിതിരിവും ഉണ്ടായിട്ടുണ്ട്.
