Asianet News MalayalamAsianet News Malayalam

ആര്‍ത്തവ ആചാരങ്ങളുടെ പേരില്‍ ആറ് മാസത്തിനിടെ ദാരുണമായി മരിച്ചത് രണ്ട് പെണ്‍കുട്ടികള്‍

ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ആചാരങ്ങളുടെ കെട്ടില്‍ ഒടുവില്‍ പൊലിഞ്ഞത് ഏഴാം ക്ലാസുകാരി വിജയയുടെ ജീവനാണ്. ആദ്യ ആര്‍ത്തവ സമയം ആയതാണ് ഈ പന്ത്രണ്ട് വയസ്സുകാരി ചെയ്ത കുറ്റം. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മൂന്ന് ദിവസം മുമ്പേ വടക്കന്‍ തഞ്ചാവൂരിലെ പട്ടുകോട്ട ഗ്രാമത്തിലെ വീട്ടില്‍ നിന്ന് വിജയയെ ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ ഷെഡിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. 

two girls die in tamilnadu as part of period rituals
Author
Thanjavur, First Published Nov 23, 2018, 1:43 AM IST

തഞ്ചാവൂര്‍: ആര്‍ത്തവ ആചാരത്തിന്റെ പേരില്‍ ആറ് മാസത്തിനിടെ രണ്ട് പെണ്‍കുട്ടികളാണ് തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മരിച്ചത്. തഞ്ചാവൂരിന് പുറമേ തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും ആര്‍ത്തവ അശുദ്ധി കല്‍പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട 12 വയസ്സുകാരി വിജയയുടേത് അപകട മരണം എന്ന് മാത്രമാണ് പൊലീസ് എഫ്ഐആറില്‍ ഉള്ളത്.

ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ആചാരങ്ങളുടെ കെട്ടില്‍ ഒടുവില്‍ പൊലിഞ്ഞത് ഏഴാം ക്ലാസുകാരി വിജയയുടെ ജീവനാണ്. ആദ്യ ആര്‍ത്തവ സമയം ആയതാണ് ഈ പന്ത്രണ്ട് വയസ്സുകാരി ചെയ്ത കുറ്റം. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മൂന്ന് ദിവസം മുമ്പേ വടക്കന്‍ തഞ്ചാവൂരിലെ പട്ടുകോട്ട ഗ്രാമത്തിലെ വീട്ടില്‍ നിന്ന് വിജയയെ ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ ഷെഡിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആചാരം ലംഘിക്കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ഒടുവില്‍ ചുഴലിക്കാറ്റിനിടെ ഷെഡിലേക്ക് വീണ തെങ്ങിനടിയില്‍ പെട്ട് വിജയയുടെ ജീവന്‍ പൊലിഞ്ഞു. എന്നാല്‍ ചുഴലിക്കാറ്റിനിടെ ഉണ്ടായ അപകട മരണം എന്നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

നാല് മാസം മുമ്പ് തഞ്ചാവൂരില്‍ തന്നെ ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ മാറ്റി പാര്‍പ്പിച്ച രുഗ്മിണി എന്ന മറ്റൊരു പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കാരൂര്‍ പേരാമ്പാലൂര്‍ മേഖലകളിലും ഈ ആചാരങ്ങള്‍ തുടരുന്നു. ഒരാഴ്ച്ച മുതല്‍ 16 ദിവസം വരെ പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കഴിയണമെന്നാണ് ആചാരം. ഇതിനായി വീട്ടില്‍ നിന്ന് അകന്ന് ഓലഷെഡ് ഒരുക്കും. ഭക്ഷണവും വെള്ളവും ഇവിടേക്ക് എത്തിച്ച് നല്‍കും. വീടിന് സമീപത്തോ കിണറിനടുത്തേക്കോ പോലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. ആര്‍ത്തവ ആചാരത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളുടെ ജീവന് പൊലിയുന്നത് തുടരുമ്പോഴും സംസ്ഥാനത്ത് എവിടേയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടില്ല. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും മൗനത്തിലാണ്. 

Follow Us:
Download App:
  • android
  • ios