കാസര്‍കോഡ്: ജില്ലയില്‍ ഒരുമാസത്തിനിടെ രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ അന്യ സംസ്ഥാന തൊഴിലാളികളെന്ന നിഗമനവുമായി പൊലീസ്. മോഷണ ശ്രമത്തിനിടെ രണ്ട് കൊലപാതകവും നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസം നവംബര്‍ പതിനാറിന് കാഞ്ഞങ്ങാട് ഇരിയ തട്ടുമ്മലില്‍ ലീല എന്ന വീട്ടമ്മ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പേയാണ് ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുലിയന്നൂരില്‍ ജാനകി എന്ന റിട്ട.അദ്ധ്യാപിക കൊല്ലപ്പെട്ടത്. ലീലയെ അവരുടെ വീട്ടില്‍ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളിയാണ് കൊല ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണമാലയുമായി കടന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി അപുല്‍ ഷെയ്ഖ് എന്ന ഇരുപതുവയസുകാരനാണ് പ്രതി.

കുളിമുറിയില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയ ലീലയുടെ സ്വര്‍ണ്ണമാല കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിതീകരിച്ചത്. പുലിയന്നൂരിലെ ജാനകി ട്ടീച്ചറിന്റെ കൊലപാതകത്തിനു പിന്നിലും അന്യ സംസ്ഥാന തോഴിലാളികളാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.ജാനകി റ്റീച്ചര്‍ക്കൊപ്പം വെട്ടേറ്റ് ഗുരുതരാവസ്ഥയിലുള്ള കൃഷ്ണന്‍ മാസ്റ്റര്‍ നല്‍കിയ മൊഴിയില്‍ കൊലപാതകി ഹിന്ദി ഭാഷ സംസാരിച്ചിരുന്നതായി പറഞ്ഞിരുന്നു.

നാടിനെ നടുക്കിയ കൊലപാതകത്തില്‍ ഇതുവരെ പൊലീസിന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അനേഷ്വണം ഇതര സംസ്ഥാനത്തേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. 2012ല്‍ മടിക്കൈയില്‍ ജിഷ എന്ന വീട്ടമ്മയും വീടിനകത്തു വെച്ച് കൊല്ലപ്പെട്ടിരുന്നു. അന്യസംസ്ഥാന തൊഴിലാളി പ്രതിയായ ഈ കേസിന്റെ വിചാരണ ജില്ലാകോടതിയില്‍ നടക്കുകയാണ്.