കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലും കോലഞ്ചേരിയിലുമാണ് സംഭവം. രണ്ടുപേരും കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്‍റെ നിഗമനം. പെരുമ്പാവൂരിലെ സ്വകാര്യബസ്റ്റാന്‍ഡിലെ കോണിപ്പടിയുടെ കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ സമീപത്ത് ചോരപ്പാടുകളുമുണ്ടായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല.
പൊലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുനിന്നും മണം പിടിച്ചോടിയ നായ 500 മീറ്റർ അകലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനു മുന്നിലെത്തി നിന്നു. ഇവിടെ താമസിക്കുന്ന 5 പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. തലേദിവസം ബസ്റ്റാന്‍റില്‍വച്ച് ഇതരസംസ്ഥാനതൊഴിലാളികള്‍ തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയിരുന്നു. ഈ സംഭവവുമായി ഈ മരണത്തിന് ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
കോലഞ്ചേരി പട്ടിമറ്റത്താണ് രണ്ടാമത്തെ മൃതദേഹം കണ്ടത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം ഇലിമ ഖഥുന്‍ എന്ന അസാം സ്വദേശിയുടെതാണെന്ന് കണ്ടെത്തി. ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണിചുറ്റി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി മിജാറുള്‍ ഹക്കിനെ സംഭവത്തിനുശേഷം കാണാതിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
