കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് എത്തിച്ച യുവതി മരിച്ച സംഭവത്തില്‍ രണ്ട് നഴ്‍സുമാര്‍ക്ക് സസ്‍പെന്‍ഷന്‍. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടു നഴ്‌സുമാരെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്‍പെന്റ് ചെയ്തത്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളുണ്ടാകും.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രസവത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കൂത്തുപറമ്പ് സ്വദേശിയായ രമ്യ മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രാഥമികാനേഷ്വണം നടത്തി ഡി.എം.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രമ്യക്ക് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരം. സംഭവസമയത്ത് ലേബര്‍ റൂമില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു ഷിജിന, സിന്ധു എന്നീ നേഴിസുമാരെയാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‍പെന്റ് ചെയ്തത്. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന നിലപാടിലാണ് ഡി.എം.ഒ. വിഷയത്തില്‍ പ്രത്യേക അന്വേഷണവും ഉണ്ടാകും. രമ്യയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമ്യയുടെ സഹോദരന്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.