തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനം കുഴഞ്ഞുമറിയുന്നു. നേരത്തെ സര്‍ക്കാറുമായി കരാറുണ്ടാക്കിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍ കരാറില്‍ പിന്മാറി. എം.ഇ.എസ് മെഡിക്കല്‍ കോളേജും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജുമാണ് കരാറില്‍ നിന്ന് പിന്മാറിയത്. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങി പ്രവേശനം നടത്താനാണ് സുപ്രീം കോടതി അനുവാദം നല്‍കിയത്.

നേരത്തെ 85 ശതമാനം സീറ്റുകളില്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി തല്‍ക്കാലം പ്രവേശനം നടത്താനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍‍ദ്ദേശിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സ്വാശ്രയ മാനേജുമെന്‍റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടനയും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട പരിയാരം, എം.ഇ.എസ്, കാരക്കോണം എന്നീ മൂന്നു കോളേജുകളിൽ മുൻ വർഷത്തെ പോലെ വ്യത്യസ്ത തരം ഫീസാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. 25,000 മുതൽ 15 ലക്ഷം വരെയാണ് ഈ ഫീസ്. ബാക്കി 15 കോളേജുകളിലും അഞ്ച് ലക്ഷമെന്ന ഏകീകൃത ഫീസാണ് നിശ്ചയിച്ചത്. 

11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് രണ്ട് കോളേജുകള്‍ സര്‍ക്കാറുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറിയത്. ഇതോടെ മുന്‍നിശ്ചയിച്ച ഫീസ് അനുസരിച്ച് പ്രവേശന നടപടിയുമായി സര്‍ക്കാറിന് ഒട്ടും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയുമായി. കേസില്‍ ഹൈക്കോടതി അന്തിമവിധി പ്രസ്താവിച്ചിട്ടില്ല.