ശബരിമല കയറാന്‍ രണ്ട് യുവതികള്‍; അപ്പാച്ചിമേടിലെത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 24, Dec 2018, 6:54 AM IST
two women start journey to sannidhanam
Highlights

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറ്റുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു

പമ്പ: ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ കൂടി. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. മല കയറാന്‍ എത്തിയവര്‍ അപ്പാച്ചിമേടിലെത്തി . പൊലീസ് അകമ്പടിയോടെയാണ് ഇവര്‍ മലകയറുന്നത്. 

രണ്ട് യുവതികള്‍ക്കെതിരെയും ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. 42ഉം 44ഉം വയസുള്ള യുവതികളാണ് മല കയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.

വന്‍ തീര്‍ഥാടക തിരക്കാണ് സന്നിധാനത്തുള്ളത്. ഇതോടെ യുവതികള്‍ എത്തുമ്പോള്‍ സുരക്ഷയ്ക്കായി എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇന്നലെ ചെന്നെെയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദര്‍ശനം സാധ്യമായിരുന്നില്ല.

ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. 

loader