കേരളാ തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ബോഡിമെട്ട് സമീപം മണപ്പെട്ടിയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട നിലയില്‍. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ശരവണന്‍, പീറ്റര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടത്. ഇരുവരും ഓട്ടോ തൊഴിലാളികളാണ്. കൊച്ചി- ധനുഷ്‌ക്കൊടി ദേശീയപാതയോരത്താണ് ഇരുവരെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെ എല്ലപ്പെട്ടിയില്‍ നിന്നും തമിഴ്‌നാടിന് ഓട്ടം പോകുകയാണെന്ന് പറഞ്ഞാണ് പീറ്ററിന്റെ ഓട്ടോ റിക്ഷയില്‍ ഇരുവരും പോകുന്നത്. ഞായറാഴ്ച്ച വെളുപ്പിനാണ് മൃതദേഹം ദേശീയപാതയോരത്ത് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ നിരവധി കൊലക്കേസുകളില്‍ കേസുകളില്‍ പ്രതിയായ തിരുനല്‍വേലി സ്വദേശി മണിയാണ് ഇവരെ തമിഴ്‌നാട്ടിലേക്ക് ഓട്ടം വിളിച്ചതെന്ന് സൂചനയുണ്ട്. കൊല നടത്തിയതിന് ശേഷം ഇയാള്‍ എല്ലപ്പെട്ടിയിലെ ചിലരെ വിളിച്ച് അറിയിച്ചതായും പോലീസിന് സൂചനയുണ്ട്. ഇരുവരുടേയും മുഖം ക്രുരമായി വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കൊല നടത്തിയെന്ന് സംശിയിക്കുന്ന മണി ഒരാഴ്ച്ച കാലമായി എല്ലപ്പെട്ടിയില്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. തേനി എസ് പി എസ് ആര്‍ ഭാസ്‌ക്കരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം ബോടിമേട്ടിലെ ആശുപത്രിയിലേയ്ക്ക് മാറ്റി പോസ്റ്റ് മോര്‍ട്ടം നടത്തി തേനി എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം ബോഡി ഡി വൈ എസ് പി പ്രഭാകരന്‍, എസ് ഐ മാരായ വെങ്കാടചലപതി, ശേഖര്‍, ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലപ്പെട്ടി സ്വദേശികളായതിനാല്‍ സംഭവത്തേക്കുരിച്ച് കേരളാ പൊലീസ്സും അന്വേഷണം നടത്തുന്നുണ്ട്. ഇടുക്കി എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് സന്ദര്‍ശനം നടത്തി.