എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 

ദുബായ്: വിനോദ സഞ്ചാരികളടക്കം രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തരത്തില്‍ യുഎഇ തങ്ങളുടെ വിസ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുന്നു. സന്ദര്‍ശക വിസയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിശ്ചിത കാലയളവില്‍ ഇനി മുതല്‍ വിസ സൗജന്യമായിരിക്കും. ഇവരില്‍ നിന്നും വിസയ്ക്കായി ഫീസുകളൊന്നും ഈടാക്കില്ല. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 

കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് ടൂറിസം രംഗത്ത് വന്‍ മാറ്റത്തിനൊരുങ്ങുകയാണ് യുഎഇ. ഇതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. നേരത്തെ ട്രാന്‍സിറ്റ് വിസയില്‍ 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് യുഎഇ തീരുമാനിച്ചിരുന്നു. 50 ദിര്‍ഹം മാത്രം നല്‍കി ഇത് 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനും കഴിയും. 2018ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 32.8 മില്യന്‍ ആളുകളാണ് യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്.