ഒരു തൊഴിലാളിയുടെ തൊഴിലിന്റെ വ്യവസ്ഥകള്‍ വ്യക്തിപരമായി നിര്‍വചിച്ചിട്ടുള്ള ഒന്നാണ് ഒരു തൊഴില്‍ കരാര്‍. ഒരു പ്രത്യേക തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവന്റെ അവകാശങ്ങളും കടമകളും തൊഴിലുടമയുടെ കടമകളും കര്‍ത്തവ്യങ്ങളും അതില്‍ പ്രതിപാദിച്ചിരിക്കും. എന്നാല്‍ ഇത് കൂടാതെ ഏതൊക്കെ സാഹചര്യത്തില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടാമെന്നും ഏതൊക്കെ സന്ദര്‍ഭത്തില്‍ ഒരു തൊഴിലാളിക്ക് സ്വയം പിരിഞ്ഞു പോകാമെന്നും യുഎഇ തൊഴില്‍ നിയമം പ്രത്യേകമായി നിര്‍വചിച്ചിരിക്കുന്നു. 

അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തൊഴില്‍ നിയമം ലംഘിക്കാതെ തന്നെ തൊഴിലാളിയെ പിരിച്ചു വിടുകയോ തൊഴിലാളിക്ക് സ്വയം പിരിഞ്ഞു പോകുകയോ ചെയ്യാന്‍ തക്ക വിധത്തിലുള്ള സുഗമമായ പാതയാണ് നിയമം ഒരുക്കുന്നത്. ഇത്തരത്തില്‍ തൊഴിലുടമക്ക് തന്റെ കീഴിലുള്ള തൊഴിലാളിയെ മുന്‍കൂര്‍ നോട്ടീസ് കൂടാതെ പിരിച്ചു വിടുന്നതിനുള്ള പത്തു കാരണങ്ങള്‍ യു.എ.ഇ തൊഴില്‍ നിയമത്തിലെ വകുപ്പ് 120ല്‍ കാണിച്ചിരിക്കുന്നു.

സ്വന്തം തിരിച്ചറിയല്‍ രേഖ മാതൃരാജ്യത്തെക്കുറിച്ചോ ഉള്ള വ്യാജമായ രേഖകളോ, സര്‍ട്ടിഫിക്കറ്റുകളോ ഉപയോഗിച്ചാല്‍.

പ്രൊബേഷന്‍ പിരീഡില്‍ ഉള്ള തൊഴിലാളിയെ പ്രസ്തുത കാലത്തിനിടക്കോ അതിനു ശേഷമോ പിരിച്ചു വിടാം.

തൊഴിലുടമക്ക് സാരമായ സാമ്പത്തിക നഷ്ടം വരുന്ന തരത്തിലുള്ള തെറ്റുകള്‍ തൊഴിലാളിയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍. (എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി 48 മണിക്കൂറുകള്‍ക്കുള്ളില്‍ തൊഴിലുടമ പ്രസ്തുത വിവരം ലേബര്‍ വകുപ്പിനെ അറിയിച്ചിരിക്കണം. )

ജോലിയെ സംബന്ധിക്കുന്നതോ, ജോലി സ്ഥലത്തെ സംബന്ധിക്കുന്നതോ ആയ ഏതെന്കിലും തരത്തിലുള്ള സുരക്ഷയെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ തൊഴിലാളി ലംഘിച്ചാല്‍. (ഇത്തരം നിര്‍ദേശങ്ങള്‍ പ്രസ്തുത ജോലി സ്ഥലത്ത് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. നിരക്ഷരനായ തൊഴിലാളിയാണെങ്കില്‍ അയാളെ അത് പറഞ്ഞു കേള്‍പ്പിച്ചിരിക്കണം.)

കരാര്‍ പ്രകാരമുള്ള പ്രാഥമികമായ കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്തുകയും അതിനു ശേഷം രേഖാ മൂലമുള്ള മുന്നറിയിപ്പിനും അന്വേഷണത്തിനും ശേഷം പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്താല്‍.

സത്യത്തെയോ, സത്യസന്ധതയെയോ, പൊതുധാര്‍മികതയെയോ ബാധിക്കുന്ന തരത്തിലുള്ള ഏന്തെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് അവസാനമായി ശിക്ഷിക്കപ്പെട്ടാല്‍.

തൊഴിലുടമയുടെ രഹസ്യമായ വിവരങ്ങള്‍ പരസ്യപ്പെടുതിയാല്‍.

ജോലി സമയത്ത് മദ്യമോ മയക്കു മരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍

ജോലി സമയത്ത് സഹപ്രവര്‍ത്തകനേയോ മാനേജരെയോ, തൊഴിലുടമയെയോ, കയ്യേറ്റം ചെയ്താല്‍.

ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായ ഏഴു ദിവസമോ 20 ഇടവിട്ടുള്ള ദിവസങ്ങളിലോ മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിര്‍ക്കുക.

ഈ കാരണങ്ങള്‍ കൊണ്ട് ഒരു തൊഴിലാളിയെ അയാളുടെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനും കൂടാതെ വകുപ്പ് 139 പ്രകാരം അയാളുടെ മുഴുവന്‍ സേവനാന്തര (End of Service Benefits) നുകൂല്യങ്ങളും നല്‍കാതിരിക്കാന്‍ തൊഴിലുടമക്ക് അധികാരം ഉണ്ട്.


കടപ്പാട്: പ്രവാസി കോര്‍ണര്‍