ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങരുത് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

യുഎഇ: യുഎഇയില്‍ വേനല്‍ ചൂട് കനത്തതിനാല്‍ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ താപനില ഉയരുകയും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. 

യു.എ.ഇ.യിലെ ചില എമിറേറ്റുകളില്‍ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ ഇത് 49 കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിൽ 42 ഡിഗ്രിയും ഷാർജയിൽ 44 ഡിഗ്രിയും അബുദാബിയിൽ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനില. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം 80 ശതമാനംവരെ ഉയരും. 

ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയിലാണ് കടുത്ത ചൂട് അനുഭവപ്പെടുക. അതുകൊണ്ട് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ചൂടും പൊടിക്കാറ്റും അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

വെയില്‍ ഏല്‍ക്കാത്ത വിധമുള്ള വസ്ത്രങ്ങള്‍ ധരിക്കണം, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉള്ളിൽവെച്ച് വാഹനങ്ങൾ വെയിലത്ത് നിർത്തിയിടുന്നതും അപകടമാകുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.