2014ല്‍ കാരപ്പറമ്പില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന കാസര്‍കോട് സ്വദേശിയുടെ പരാതിയിലാണ് സലഫി നേതാവ് ചേവായൂര്‍ കൊടിനില പറമ്പില്‍ഷംസുദ്ദീന്‍ പാലത്തിനെതിരെ നടക്കാവ് പൊലീസ് യുഎപിഎ ചുമത്തിയത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. കാരപ്പറമ്പല്‍ വെച്ച് ഷംസുദ്ദീന്‍ നടത്തിയ 2 പ്രസംഗങ്ങളുടെ സിഡി പരിശോധിച്ച പൊലീസ് ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ജില്ലാ ഗവ. പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറാണ് ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന പ്രസംഗത്തിന്റെ ഓഡിയോ സിഡിയും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു.