വനിതാ മതിലിനെതിരെ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ  മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കും. 

തിരുവനന്തപുരം: വനിതാ മതിലിനെതിരെ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കും. 

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം, വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കുകയും ചെയ്തു‍. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണം. 50 കോടി വക മാറ്റി ചെലവാക്കാനുളള പദ്ധതി കയ്യോടെ പിടിച്ചപ്പോഴാണ് പിന്മാറ്റമെന്നും ചെന്നിത്തല പറഞ്ഞു.