ഈ മാസം 15ന് മുമ്പ് ആധാര്‍ ഡിലിങ്ക് ചെയ്യാനുള്ള എക്സിറ്റ് പ്ലാന്‍ അവതരിപ്പിക്കണമെന്നാണ് യുഐഡിഎഐ ഉത്തരവിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്

ദില്ലി: സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം. യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് 15 ദിവസത്തെ സമയം അനുവദിച്ചത്.

മൊബെെല്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യണമെന്നുള്ള വ്യവസ്ഥ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു. റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയവര്‍ക്കെല്ലാം പുതിയ പദ്ധതി അവതരിപ്പിക്കാനുള്ള നിര്‍ദേശം ലഭിച്ച് കഴിഞ്ഞു.

ഈ മാസം 15ന് മുമ്പ് ആധാര്‍ ഡിലിങ്ക് ചെയ്യാനുള്ള എക്സിറ്റ് പ്ലാന്‍ അവതരിപ്പിക്കണമെന്നാണ് യുഐഡിഎഐ ഉത്തരവിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആധാറിന് ഭേദഗതികളോടെ സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും പ്രവേശന പരീക്ഷകൾക്കും സ്കൂൾ പ്രവേശനത്തിനും ആധാർ നിർബന്ധമല്ലന്നും കോടതി വ്യക്തമാക്കി.

ആധാര്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നുള്ള നിര്‍ദേശം ലഭിച്ചതനുസരിച്ച് പുതിയ കണക്ഷനുകള്‍ എടുക്കുമ്പോള്‍ ആധാര്‍ വിവരങ്ങളും ടെലികോം കമ്പനികള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. കൂടാതെ, എത്രയും വേഗം ആധാറും നമ്പറും ബന്ധിപ്പിക്കണമെന്ന നിര്‍ദേശം ഉപഭോക്താക്കള്‍ക്ക് സന്ദേശമായും മറ്റും നല്‍കുന്നതും ആരംഭിച്ചിരുന്നു. ഇതിനെല്ലാം തിരിച്ചടിയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.