റിയാദ്: ഉംറ ഫീസ് നിരക്കില്‍ വീണ്ടും ഭേതഗതി കൊണ്ട് വരാന്‍ നീക്കമുള്ളതായി സൗദി ഹജ്ജ് ഉംറ മന്ത്രി. ആവര്‍ത്തിച്ചുള്ള ഉംറ കര്‍മത്തിന് അഞ്ചു ദിവസം മാത്രം സൗദിയില്‍ തങ്ങുന്നവരില്‍ നിന്ന് രണ്ടായിരം റിയാലിന് പകരം അഞ്ഞൂറ് റിയാല്‍ മാത്രം ഈടാക്കാനാണ് നീക്കം.

ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവരില്‍ നിന്ന് രണ്ടായിരം റിയാല്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തില്‍ വീണ്ടും ഇളവ് അനുവദിക്കാനാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നീക്കം. ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ തങ്ങുന്ന ദിവസത്തിനനുസരിച്ചു ഫീസ് ഈടാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നതായി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്‍ അറിയിച്ചു. അഞ്ചു ദിവസം വരെ സൗദിയില്‍ കഴിയുന്ന ഉംറ തീര്‍ഥാടകരില്‍ നിന്ന് അഞ്ഞൂറ് റിയാല്‍ മാത്രം ഈടാക്കാനാണ് നീക്കം. എന്നാല്‍ ആദ്യത്തെ തവണ ഹജ്ജോ ഉമ്രയോ നിര്‍വഹിക്കുന്നവരില്‍ നിന്ന് ഒരു ഫീസും ഈടാക്കില്ല. പുതിയ ഉംറ നിയമത്തില്‍ ഇതിനു പുറമേ പല ഭേതഗതികളും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവരില്‍ നിന്ന് രണ്ടായിരം റിയാല്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തില്‍ നേരത്തെ ചില ഇളവുകള്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉംറ നിര്‍വഹിച്ചവര്‍ക്ക് ഫീസ് ബാധകമാക്കാനുള്ള നേരത്തെയുള്ള തീരുമാനം ഈ ഹിജ്ര വര്‍ഷം മുതല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമാക്കി. അതോടൊപ്പം വിദേശത്തുള്ള അംഗീകൃത ഉംറ സര്‍വീസ് ഏജന്‍സികളുടെ മൂന്നു ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അനുവദിക്കാനും തീരുമാനിച്ചു. ഇതിനെല്ലാം പുറമേ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഇനിയും ഫീസ് ഇനത്തില്‍ ഇളവുകള്‍ വരുമെന്നാണ് പുതിയ പ്രഖ്യാപനത്തിലൂടെ സൗദി ഹജ്ജ് ഉംറ മന്ത്രി സൂചിപ്പിക്കുന്നത്.