ന്യൂയോര്‍ക്ക്: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുള്ള അമേരിക്കന്‍ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റേയും ഇസ്രായേലിന്‍റേയും കടുത്ത എതിര്‍പ്പ് തള്ളിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള 128 രാജ്യങ്ങള്‍ അമേരിക്കയുടെ ജെറുസലേം പ്രഖ്യാപനത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചത്. 

ഹോണ്ടുറാസ് ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം നിന്നു. അതേസമയം കാനഡ, മെക്സികോ ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങള്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയം വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ് പൊതുസഭ അടിയന്തരമായി വിളിച്ചുചേര്‍ത്തത്. ജെറുസലേം പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടുചെയ്യുന്നവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അമേരിക്ക ആവര്‍ത്തിച്ചു.

അതേസമയം ജറുസേലം തലസ്ഥാനമായി തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ജെറുസലേം പ്രഖ്യാപനത്തെ തള്ളി ഇന്ത്യ നിലപാടെടുത്തത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സൗദി, പലസ്തീന്‍ പ്രതിനിധികള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.