രാജാക്കാട് സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് സുജിത്തിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് പരാതിക്കാരനെയും ഒരു സഹപാഠിയെയും സുജിത്തും സുഹൃത്തുക്കളും ചേർന്ന് നിർബന്ധിച്ച് രാജാക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം പീഡനത്തിന് ഇരയായ കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലായി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രാജാക്കാട് നിന്നുമാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ട്. ഫെയ്‍സ് ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ എട്ട് മാസം മുമ്പ് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് സുജിത്.
പന്നിയാർകുട്ടിയിൽ നിന്നും കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കച്ചവടക്കാരനെ തലയ്ക്കടിച്ചു വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. കേസുകളിൽ ജാമ്യത്തിലിറങ്ങിയശേഷം നാല് മാസം മുൻപ് ഒന്നര കിലോ കഞ്ചാവുമായി ഇയാളെ അടിമാലിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇയാള്‍ ഗുണ്ടാപട്ടികയിൽ പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസ്സെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
