ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയലെ ദലിത് വേട്ടയെ ന്യായീകരിച്ച ബി ജെ പി എം എല്‍ എയ്ക്കെതിരെ പൊലീസ് കേസെടുത്തു. തെലുങ്കാന എം.എല്‍.എ രാജാസിങിനെതിരെ ഹൈദരബാദ് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പശുവിനെ കൊന്നതിലൂടെ ദലിതുകളുടെ വൃത്തികേടുകളാണ് തുറന്ന് കാട്ടുന്നതെന്നും ഈ സംഭവം ദലിതുകള്‍ക്ക് ഒരു പാഠമാകട്ടെയെന്നുമായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

ഉന സംഭവത്തെ ഞാന്‍ പൂര്‍ണമായി പിന്തുണക്കുന്നു. ദലിതുകള്‍ പശുക്കളെ ആരാധിക്കണം, ഇതിലൂടെ പൂര്‍ണമായി ധര്‍മത്തെ പിന്തുടരണമെന്നും രാജാസിങ് ഫേസ്ബുക്ക് വിഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 11നാണ് ഉനയില്‍ പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. അര്‍ധനഗ്‌നരാക്കി കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.

സംഭവത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിനിടെ പശുവിനെ കൊന്നത് അക്രമത്തിനിരയായ ദളിതരല്ല മറിച്ച് സിംഹമാണെന്ന് ഗുജറാത്ത് സിഐഡി റപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.