കല്‍ബുര്‍ഗി: ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. 53 കാരനായ ബിക്കുവാണ് ആത്മഹത്യ ചെയ്തത്. തന്‍റെ കൃഷി തോട്ടത്തിലെ ഒരു മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു ഇയാള്‍. പല പലിശക്കാരുടെയും അടുത്ത് നിന്ന് പണം വാങ്ങുകയും ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുകയും ചെയ്തിരുന്നു ബിക്കു. എന്നാല്‍ ഇവ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന ലോണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. കോര്‍പ്പറേറ്റ് ബാങ്കില്‍നിന്നു കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന 50,000 രൂപയാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ പല വിധത്തിലുള്ള സഹായങ്ങളും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നാണ് കൃഷി മന്ത്രി പറയുന്നത്. 9,000 കോടി രൂപയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്കായ് എല്ലാവര്‍ഷവും ചിലവിടുന്നത്. പാല്‍ ഉല്‍പ്പാദനത്തിനായി 2,03,000 കോടി രൂപയും ചിലവാക്കുന്നുണ്ട്.