ദില്ലി: സ്വന്തം കാർ ഒാടിച്ചെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഒാഫീസിന് പുറത്തുതടഞ്ഞു. സ്വന്തം കാറിൽ ഒൗദ്യോഗിക സ്റ്റിക്കറുകൾ ഒന്നുമില്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. ഞായറാഴ്ച പാർലമെന്‍റ് ഹൗസിന് സമീപത്തെ ട്രാൻസ്പോർട് ഭവനിലെ ഒാഫീസിലേക്ക് കാറോടിച്ചെത്തിയ മന്ത്രിയെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
ആരാണെന്നു തിരക്കിയ ഉദ്യോഗസ്ഥർ പാസുണ്ടെങ്കിൽ മാത്രമേ പ്രവേശിക്കാനാവൂ എന്നും വ്യക്തമാക്കി. സ്വകാര്യവാഹനത്തിൽ എത്തിയതാണ് മന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗേറ്റ് പരിശോധനയിൽ കുരുക്കിയത്. ഭരണാധികാരികൾ വാഹനങ്ങളിൽ നിന്ന് ചുവന്ന ലൈറ്റ് സംസ്കാരം ഉപേക്ഷിച്ച് സാധാരണക്കാരെ പോലയാവണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തോട് പലരും വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ടൂറിസം സഹമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തിന് ഒാഫീസ് ഗേറ്റിൽ പരിശോധന നേരിടേണ്ടിവന്നത്. അതേസമയം, ഉദ്യോഗസ്ഥരുടെ ജാഗ്രതയെ മന്ത്രി പ്രശംസിച്ചു.
