ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച് സര്‍വ്വകലാശാലകള്‍. ഒഴിവുകള്‍ പൂര്‍ണമായി PSCക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് പരീക്ഷയില്‍ റാങ്ക് നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്.

സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷ നടന്നത് കഴിഞ്ഞ മേയില്‍. റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ചത് 5000 പേരുടെ പട്ടിക. പക്ഷെ ആകെ റിപ്പോര്‍ട്ട് ചെയ്ത് ഒഴിവ് 600. യഥാര്‍ത്ഥത്തില്‍ 14 സര്‍വ്വകലാശാലകളിലുള്ള ഒഴിവ് 1000 ലേറെ.

കേരള സര്‍വ്വകലാശാലയില്‍ ആകെയുള്ളത് 591 ഒഴിവുകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 232 എണ്ണം മാത്രം. അസ്റ്റിസ്റ്റന്‍റ് തസ്തികയില്‍ 204 ഒഴിവുകളുള്ള കാര്‍ഷിക സര്‍വ്വകലാശാല റിപ്പോര്‍ട്ട് ചെയത്ത് പകുതി മാത്രം.53 ഒഴിവുകളുള്ള കുസാറ്റ് പിഎസ്‍സിയെ അറിയിച്ചത് 30 എണ്ണം. അവിടെയും ബാക്കി 23 ഒഴിവുകള്‍. 85 ഒഴിവുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 71. അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഒഴിവുള്ള തസ്തികകളുടെ വിവരം മറച്ചുവെക്കുന്നത് കരാര്‍ അടിസ്ഥാനത്തില്‍ സ്വന്തക്കാരെ നിയമിക്കാനാണെന്നാണ് ഉദ്യോഗര്‍ത്ഥികളുടെ ആക്ഷേപം.