കൊച്ചി: പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

വീടിന് നേരെ ആക്രമണം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് വ്യക്തമാക്കിയത്. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്.


മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയൽവാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണ്. 3 വലിയ കരിങ്കൽക്കഷ്ണങ്ങൾ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല.ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അപര്‍ണ ശിവകാമി വ്യക്തമാക്കി. 

പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്ന് യുവതികള്‍ കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ വിശദമാക്കിയിരുന്നു. എന്നാല്‍ യുവതികള്‍ക്ക് കൊച്ചിയിൽ നാമ ജപക്കാർ ഉപരോധിച്ചിരുന്നു. ഒടുവിൽ പൊലീസ് സംരക്ഷണയിലാണ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.  ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം  ദര്‍ശനം നടത്താന്‍ ശ്രമിച്ച രഹന ഫാത്തിമ, മേരി സ്വീറ്റി, ബിന്ദു തങ്കം കല്യാണം തുടങ്ങിയ യുവതികളുടെ വീടിനു നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം നടന്നിരുന്നു.

കലാപമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും തല്‍ക്കാലം പിന്മാറുന്നുവെന്നും മണ്ഡലകാലം കഴിയുന്നതിന് മുന്‍പ് ശബരിമലയില്‍ പോകുമെന്നും യുവതികള്‍ കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.