കോഴിക്കോട്: ഫറൂക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ രണ്ട് പേര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. അയല്‍വാസിക്കും മറ്റൊരാള്‍ക്കുമെതിരെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന് പരാതിനല്‍കി. ആരോപണവിധേയരായവര്‍ വേറെയും കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി.

ഫറൂക്ക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പട്ടത്. കഴിഞ്ഞ ഏതാനും നാളുകളായി കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് അച്ഛനും ബന്ധുക്കളും പറയുന്നു. പരീക്ഷക്ക് മുന്നോടിയായി സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി വെളിപ്പെടുത്തിയത്. അയല്‍വാസിയും സ്കൂളിനടുത്ത് കച്ചവടസ്ഥാപനം നടത്തുന്ന മറ്റൊരാളുമാണ് സംഭവത്തിന് പിന്നിലെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. കാലങ്ങളായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കുട്ടി വെളിപ്പെടുത്തിയതെന്ന് ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പറയുന്നു.

അതേ സമയം കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് ഫറൂക്ക് പോലീസ് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫറൂക്ക് പോലീസ് വ്യക്തമാക്കി.