കരിങ്കൊടി കാണിച്ച  പെണ്‍കുട്ടിയെ പൊലീസ് ലാത്തി കൊണ്ടടിക്കുകയും  മുടി പിടിച്ച് വലിച്ച് കൊണ്ട്  വഹനത്തില്‍ കയറ്റുകയുമാണ് ചെയ്തത് ഭീകര ദൃശ്യങ്ങള്‍ പുറത്ത്

അലഹാബാദ്: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ വാഹനത്തിന് മുമ്പിൽ കരിങ്കൊടി കാണിച്ച കോളേജ് വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് നേഹ യാദവ്, രമ യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. കരിങ്കൊടി കാണിച്ച പെണ്‍കുട്ടിയെ പൊലീസ് ലാത്തി കൊണ്ടടിക്കുകയും മുടി പിടിച്ച് വലിച്ച് കൊണ്ട് വഹനത്തില്‍ കയറ്റുകയുമാണ് ചെയ്തത്. 

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയതോടെ സംഭവത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
‘അമിത് ഷാ മടങ്ങിപ്പോകൂ’ എന്ന മുദ്രാവാക്യത്തോടെയാണ് വിദ്യാര്‍ത്ഥിനികള്‍ വാഹനം റോഡില്‍ തടഞ്ഞത്. അമിത് ഷായ്ക്ക് സുരക്ഷ ഒരുക്കിയിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ചാടിയിറങ്ങി വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥിനികളേയും ഒരു വിദ്യാര്‍ത്ഥിയേയും പൊലീസ് കൈകാര്യം ചെയ്തു. തുടര്‍ന്ന് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സംഭവത്തെ തുടർന്ന് ബേട്ടി ബച്ചാവോ എന്ന ബിജെപി മുദ്രാവാക്യം പൊയ്‍വാക്കാണെന്ന് ഓരോ സംഭവം കഴിയുമ്പോഴും വ്യക്തമാവുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സുനില്‍ സിങ് യാദവ് പറഞ്ഞു. പെണ്‍കുട്ടികളുമായി വനിതാ പൊലീസുകാരാണ് ഇടപെടേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം കുട്ടി ചേർത്തു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.