ലക്നൗ: ഉടമസ്ഥാവകാശത്തെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ നായയെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്. നേരത്തേ കൃഷി നശിപ്പിച്ചതിന് കഴുതകളെ അറസ്റ്റ് ചെയ്ത് വിവാദത്തിലായിരുന്നു യുപി പൊലീസ്.
തന്റെ നായയെ മൂന്ന് മാസമായി കാണാനില്ലെന്ന് കാണിച്ച് ബറേലിയിലെ മഹാരാജ് നഗര്‍ സ്വദേശി മോനു സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നെക്പൂര്‍ പ്രദേശത്തെ നിഷാന്ത് എന്ന വ്യക്തിയുടെ വീട്ടില്‍ തന്റെ നായയെ കണ്ടതായി ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
പരാതി പ്രകാരം പൊലീസ് നിഷാന്തിന്റെ വീട്ടില്‍നിന്ന് നായയെ കണ്ടെത്തി. എന്നാല്‍ഇത് തന്റെതാണെന്ന് നിഷാന്ത് വാദിച്ചതോടെയാണ് പൊലീസിന് നായയെ താല്‍ക്കാലികമായി സംരക്ഷിക്കേണ്ടി വന്നത്.
ഇതോടെ ഇരുവരോടും നായയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇരുവരും രണ്ട് ദിവസത്തിനകം രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ തെരുവ് നായയായി കണ്ട് ലാബ്രഡോറിനെ മുന്‍സിപ്പല്‍ അധികൃതര്‍ക്ക് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസത്തിന് ശേഷം ഇരുവരും രേഖകള്‍ ഹാജരാക്കി. ഇതില്‍നിന്ന് നായ മോനുവിന്റേതാണെന്ന് കണ്ടെത്തി. മോനുവിന്റെ നായ യാദൃശ്ചികമായി നിഷാന്തിന്റെ വീട്ടില്‍ എത്തിപ്പെടുകയായിരുന്നു. എന്നാല്‍ വിവരം പൊലീസില്‍ അറിയിക്കാതെ ഇയാള്‍ നായയെ തന്റേതെന്ന വ്യാജേന വീട്ടില്‍ കെട്ടിയിട്ടു. സംഭവത്തില്‍ നിഷാന്തിനെ താക്കീത് നല്‍കിയതായി പൊലീസ് അറിയിച്ചു.
Photo courtesy : DNA
