ഉത്തര്‍പ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍ സ്‌റ്റൈല്‍ വിദ്യാര്‍ത്ഥികള്‍ അനുകരിക്കണമെന്ന സ്വകാര്യ സ്‌കൂളിന്റെ വിവാദ നിര്‍ദ്ദേശത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം. എന്നാല്‍ ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. സ്‌കൂളില്‍ മാംസ ഭക്ഷണത്തിന് വിലക്കുണ്ടെന്നും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ക്ലാസുകളിലാണ് പഠിപ്പിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതിയുണ്ട്.

മീററ്റിലെ സദര്‍ മേഖലയിലെ റിഷഭ് അക്കാദമിയുടെ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മാനേജ്‌മെന്റിന്റെ വിചിത്ര നിര്‍ദ്ദേശം. മുഖ്യമന്ത്രി ആദിത്യനാഥിന്റെ തലമുടി അനുകരിക്കാത്തവര്‍ ഇനി മുതല്‍ സ്‌കുളില്‍ വരേണ്ടെന്നാണ് നിര്‍ദ്ദേശം. സ്‌കൂള്‍ മദ്രസയല്ലെന്നും താടി വടിച്ച് വേണം ക്ലാസില്‍ വരാനെന്നും നിബന്ധന വച്ചു. പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിലെത്തി. അച്ചടക്കത്തിന്റെ ഭാഗമായി സൈനികരുടേതിന് സമാനമായി മുടിവെട്ടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. 

ജൈന വിഭാഗത്തില്‍പ്പെട്ട മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളില്‍ മാംസ ഭക്ഷണത്തിന് സ്‌കൂള്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിലക്കുണ്ട്. ലൗ ജിഹാദ് തടയാനാണ് ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ക്ലാസുകളില്‍ പഠിപ്പിക്കുന്നത്. ഒരു ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥി മറ്റൊരു ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ സ്പര്‍ശിക്കാതിരിക്കാനാണ് വേര്‍തിരിവെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു. 

അതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയില്‍ ഓഫീസിലുണ്ടായിരിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഏത് സമയത്ത് വേണമെങ്കിലും ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് മുഖ്യമന്ത്രിയുടെ വിളിയെത്താമെന്നും ജോലിയില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുമാണ് നിര്‍ദ്ദേശം.