ഉറിയിലെ ഭീകരാക്രമണത്തിന് ഭീകരാക്രമണത്തിന് സൈന്യം തീരുമാനിക്കുന്ന സമയത്ത് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് കരസേന നേരത്തെ വ്യക്തമാക്കിയിരുന്നു. തിരിച്ചടി എങ്ങനെ വേണമെന്ന തീരുമാനം പ്രതികരോധ സേനയ്ക്കു വിട്ടു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം വിളിച്ചു ചേർത്തത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗും സ്ഥിതി വിശദീകരിച്ചു. ഇതിനിടെ പാക് അധിനിവേശ കശ്മീരിലെയും ബാൾടിസ്ഥാനിലെയും വിമാന സർവ്വീസുകൾ പാകിസ്ഥാൻ നിറുത്തി വച്ചു. ഇന്ത്യ യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്തേക്കു നീക്കിയെന്നും ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍റെ നടപടി.
പാക് സേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് ഇപ്പോൾ ന്യൂയോർക്കിലുള്ള നവാസ് ഷെരീഫുമായി ടെലിഫോണിൽ സംസാരിച്ചു. എത് ആക്രമണത്തിനും തിരിച്ചടി നല്കും എന്നാണ് പാകിസ്ഥാൻ നല്കുന്ന ഔദ്യോഗിക വിശദീകരണം. നവാസ് ഷെരീഫ് ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തുന്ന പ്രസംഗത്തിൽ ജമ്മുകശ്മീരിലെ പെല്ലറ്റ് തോക്ക് പ്രയോഗം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് നീക്കം.
ഇതിനിടെ കശ്മീരിലെ ഭീകര ക്യാംപുകൾ തകർക്കാനുള്ള ഓപ്പറേഷൻ കരസേന തുടരുകയാണ്. ഇന്നലെ ഉറിയിൽ പത്തു ഭീകരരെ സേന വധിച്ചിരുന്നു. പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് രണ്ട് അംഗങ്ങൾ അമേരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടു.
