വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്‌ട്ര രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് മറുപടിയായി തെക്കന്‍ കൊറിയ സൈനീക നീക്കം ശക്തമാക്കി. വടക്കന്‍ കൊറിയ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും തെക്കന്‍ കൊറിയ ആരോപിച്ചു.

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോബ് പരീക്ഷണത്തിന് ശക്തമായ മറുപടി നല്‍കാനായി, ദക്ഷിണ കൊറിയയും അമേരിക്കയും വന്‍തോതിലുളള സൈനിക നീക്കങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. ഉത്തരകൊറിയ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി ആരോപിച്ച ദക്ഷിണ കൊറിയ യു.എസ് നിര്‍മിത താഡ് മിസൈല്‍ സിസ്റ്റം സജ്ജീകരിക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ദക്ഷിണ കൊറിയ ഒന്നിലേറെ സൈനിക അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തു. ഉത്തരകൊറിയയെ പഴിപറഞ്ഞുളള ഈ നടപടി മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൈനയും റഷ്യയും മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയയുടെ നടപടി അത്യന്തം അപകടകരമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തര കൊറിയയുമായി ഇടപാട് നടത്തുന്ന എല്ലാ രാജ്യങ്ങളുമായുളള വ്യപാര ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായും പറഞ്ഞു. അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സൈനിക തിരിച്ചടി നല്‍കുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് അറിയിച്ചു. അതിനിടെ, ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ തുടര്‍ന്നുളള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്‌ട്ര രക്ഷാസമിതി അടിയന്തരയോഗം വിളിച്ചു. കൊറിയക്കെതിരെ കൂടുതല്‍ ശക്തമായ പ്രമേയത്തിന് ദക്ഷിണകൊറിയയും ജപ്പാനും നീക്കം ശക്തമാക്കിയിട്ടുണ്ട്.