വാഷിംഗ്ടണ്‍: ഉത്തരകൊറിയയെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി അമേരിക്ക പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയക്കെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചത്.
വളരെ നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു ഈ നടപടിയെന്ന വിലയിരുത്തലോടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉത്തരകൊറിയയെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി അമേരിക്ക പ്രഖ്യാപിച്ചത്. ഇതോടെ ഏറ്റവും കടുത്ത ഉപരോധമായിരിക്കും ഉത്തരകൊറിയ നേരിടേണ്ടി വരിക.
തന്റെ ഏഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിറകേയാണ് ട്രംപ് ഉത്തരകൊറിയക്കെതിരെ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഇറാന്‍, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്ക ഈ പദവി നല്‍കിയിട്ടുണ്ട്. ക്യൂബ, ഇറാഖ്, ലിബിയ, ദക്ഷിണ യെമന്‍ എന്നീ രാജ്യങ്ങള്‍ നേരത്തെ ഈ പട്ടികയിലുണ്ടായിരുന്നു.
