പതിവുപോലെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളിലൂടെയാണ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നേറുന്നത്. ന്യൂനപക്ഷവോട്ടുകളെച്ചൊല്ലിയാണ് ഒടുവിൽ ഹിലരിയുടെ ട്രംപും കൊരുത്തത്. ലാറ്റിനമേരിക്കൻ വംശജരുടേയും കറുത്ത വർഗ്ഗക്കാരുടേയും താൽപ്പര്യങ്ങൾക്ക് എതിരാളി കടുത്ത ഭീഷണിയാണെന്ന് രണ്ട് പേരും പരസ്പരം ആരോപിച്ചു. 

ഒന്നാമത്തെ ദിവസം മുതൽ മുൻവിധിയിലും മനോവിഭ്രാന്തിയിലും അധിഷ്ടിതമാണ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥി ഹിലരി ആരോപിച്ചു. വശീയവെറിക്കാരനാണ് ട്രംപ് എന്ന് സ്ഥാപിക്കാനാണ് നെവാഡയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഹിലരി കൂടുതൽ സമയവും ചെലവഴിച്ചത്. ഈ ന്യൂനപക്ഷ വോട്ടുകൾ ഹിലരിക്ക് നിർണ്ണായകമാണ്. 

എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങൾ പരാജയപ്പെട്ടപ്പോൾ ഹിലരി തന്നെ വർണ്ണവെറിക്കാരൻ എന്ന് വിളിച്ച് സംവാദങ്ങളിൽ നിന്ന് തലയൂരുകയാണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യസുരക്ഷ പോലും നോക്കാനാവാത്ത ഡെമോക്രാറ്റുകൾ യഥാർത്ഥവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ നോക്കുകയാണ്. ബ്രിട്ടനിലെ സാധാരണക്കാരെ ഭരണകൂടം ബ്രക്സിറ്റിന്‍റെ പേരുപറഞ്‍് ഭയപ്പെടുത്താൻ ശ്രമിച്ചത് ഇങ്ങനെയാണ്. 

എന്നാൽ ബ്രിട്ടീഷുകാർ മാറ്റത്തിനുവേണ്ടി വോട്ടുചെയ്തു. എന്നെ മിസ്റ്റർ ബ്രക്സിറ്റ് എന്ന് വിളിച്ചോളൂ. അമേരിക്കക്കാർ സ്വാതന്ത്ര്യത്തിനും നല്ല അവസരങ്ങൾക്കും നീതിക്കും വേണ്ടി വോട്ടുചെയ്യാൻ പോവുകയാണ്. ട്രംപ് പറയുന്നു.