ഇറാന് മേല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്‍റെ മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടി. ഇറാന്റെത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

ഏതാനും ദിവസം മുമ്പ് നടന്ന ഇറാന്‍റെ മിസൈല്‍ പരീക്ഷണത്തോടുള്ള പ്രതികരണമായാണ് അമേരിക്കയുടെ ഉപരോധം. 12 കമ്പനികള്‍ക്കും 13 വ്യക്തികള്‍ക്കും മേലാണ് ഉപരോധം പ്രഖ്യാപിച്ചിരിരക്കുന്നത്. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് ഇറാനെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാണ് ഇറാന്‍റെ പുതിയ നീക്കമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അമേരിക്കന്‍ തീരുമാനത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച ഇറാന്‍ ഇതിന് തിരിച്ചടി നല്‍കുമെന്ന് അറിയിച്ചു. അമേരിക്കന്‍ കമ്പനികള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് നീക്കം. ഏതൊക്കെ കമ്പനികളെ പട്ടകയില്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ഗണത്തിൽപ്പെടുത്തി ഇറാൻ പൗരൻമാരുടെ യുഎസ് പ്രവേശനം മൂന്നു മാസത്തേക്ക് നിരോധിച്ചതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണത്തിന്റെ പേരിലുള്ള ഉപരോധം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളവിപണയില്‍ എണ്ണ വില ഉയര്‍ന്നു.