ജമ്മു കശ്‍മീരിലെ ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ ദീര്‍ഘനാളായുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ആസ്തികള്‍ കണ്ടുകെട്ടാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവനും ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി രണ്ടു മാസം പിന്നിടും മുമ്പാണ് സംഘടനയ്‌ക്ക് നേരെയും അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ജമ്മു കശ്‍മീരില്‍ വര്‍ഷങ്ങളായി തലവേദന സൃഷ്‌ടിക്കുന്ന സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതോടെ, ഭീകരസംഘടനകള്‍ക്ക് യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ബാധകമാകും. സംഘടനയുമായി അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള സാമ്പത്തിക ഇടപാടുകള്‍ക്കു വിലക്കു വരും. സംഘടനയുടെ യു.എസിലെ സ്വത്തുനിക്ഷേപങ്ങളും മരവിപ്പിക്കപ്പെടും.
ഭീകരതക്കെതിരെ ലോകരാജ്യങ്ങളെ അണിനിരത്താന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്കുള്ള വലിയ വിജയമായാണ് ലോകം ഇതിനെ കണക്കാക്കുന്നത്. നേരത്തെ സയ്യിദ് സലാഹുദ്ദീനേയും ഹിസ്ബുല്‍ മുജാഹിദീനെയും ഭീകരനെന്നും ഭീകര സംഘടനയെന്നും ഇന്ത്യ വിശേഷിപ്പിക്കുമ്പോള്‍ കശ്‍മീരിന്റെ ശബ്ദമായാണ് സംഘടനയേയും സലാഹുദ്ദീനേയും പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. കശ്‍മീരില്‍ നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയുടെ കരുത്തു ചോര്‍ത്തുന്നതാകും ഈ താരുമാനമെന്നും അമേരിക്ക വാര്‍ത്താകുറിപ്പിലൂടെ വിശേഷിപ്പിച്ചു. 1989ല്‍ രൂപീകൃതമായ ഹിസ്ബുല്‍ മുജാഹിദീന്‍, കശ്‍മീരിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഭീകര സംഘടനയാണ്. കശ്‍മീരില്‍ നടന്നിട്ടുള്ള ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണ്.
