പോര്‍ട്ട്ബ്ലെയര്‍: തന്‍റെ മരണം അനിവാര്യമെന്ന ചിന്ത  ആന്‍റമാന്‍ ദ്വീപിലെ സെന്‍റിനെല്‍സില്‍ അവസാനമായി  പോകുന്നതിന് മുമ്പ്  ജോണ്‍ അലന്‍ ചൗവിനെ അലട്ടിയിരുന്നതായി റിപ്പോര്‍ട്ട്. തനിക്ക് വല്ലാതെ പേടിയുണ്ടെന്നായിരുന്നു സെന്‍റിനെല്‍സിലേക്ക് പോവുന്നതിന് മുമ്പ് ജോണ്‍ അലന്‍ കുറിച്ചത്. അവസാനമായി അമ്മയ്ക്കെഴുതിയ കുറിപ്പില്‍ ജോണ്‍ പറഞ്ഞത് താന്‍ സംസാരിക്കാന്‍ ശ്രമിക്കുകയും സ്തുതി ഗീതം പാടാന്‍ ആരംഭിക്കുകയും ചെയ്തതോടെ മുഖത്ത് മഞ്ഞ ചായം പുരട്ടിയ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷന്മാര്‍ തന്നെ ആക്രമിക്കാന്‍ വന്നുവെന്നാണ്. കൂട്ടത്തിലെ കുട്ടികളിലൊരാള്‍ തനിക്കെതിരെ അയച്ച അമ്പ് വെള്ളം നനയാത്ത തന്‍റെ ബൈബിളിലാണ് വന്ന് കൊണ്ടതെന്നും ജോണ്‍ കുറിച്ചിരുന്നു. 

ഈ സംഭവങ്ങളൊക്കെയും നടന്നതിന് ശേഷവും താന്‍ ദൈവത്തിന്‍റെ ഉപകരണമാണെന്ന ഉറച്ച ബോധ്യമാണ് ജോണിനെ വീണ്ടും സെന്‍റിനെല്‍സിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. നിന്‍റെ പേരുപോലും അറിയാന്‍ അവസരം കിട്ടാത്ത ആള്‍ക്കാരുള്ള പിശാചിന്‍റെ അവസാന കോട്ടയാണോ ഇതെന്നും ജോണ്‍ എഴുതിയ ഡയറിയിലുണ്ട്. താന്‍ ദ്വീപിലേക്ക് കടക്കുന്നത് നിയമവിരുദ്ധമാണെന്നും ജോണിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.സെന്‍റിനല്‍ ദ്വീപിനെ ചുറ്റിപറ്റി പെട്രോളിംഗ് നടത്തുന്ന അധികൃതരുടെ കണ്ണുവെട്ടിച്ചതിനെക്കുറിച്ചും ജോണ്‍ കുറിച്ചിട്ടുണ്ട്. പെട്രോളിംഗ് നടത്തുന്നവരില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ്‍സില്‍ നിന്നും ദൈവമാണ് തങ്ങളെ മറച്ചതെന്നും തന്‍റെ ബോട്ട് യാത്രയെക്കുറിച്ച് ജോണ്‍ എഴുതിയിട്ടുണ്ട്.

ആധുനിക സമൂഹത്തോട് പൊരുത്തപ്പെടാതെ പൂര്‍ണമായും കാടുകളില്‍ കഴിയുന്നവരാണ് സെന്‍റിനല്‍സ്. ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈൽ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചതാണ്. ആൻഡമാൻ നിക്കോബാർ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഈ പ്രദേശത്തേക്ക് പുറം ലോകത്തുള്ളവര്‍ക്ക് പ്രവേശനമില്ല. ജോണിന്‍റെ മൃതദേഹം ദ്വീപ് നിവാസികള്‍ കുഴിച്ചിട്ടെന്ന മത്സ്യത്തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കണ്ടെടുക്കാന്‍ സാധ്യമാണോയെന്ന് അറിയാനായി പൊലീസ് ഹെലികോപ്റ്റര്‍ അയച്ചിരുന്നു.