ദുബായ്: ലോകത്തെവിടെ ആയാലും മലയാളികള്‍ക്ക് ഉത്രാടപാച്ചില്‍ നിര്‍ബന്ധമാണ്. ഓണത്തെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഗള്‍ഫ് മലയാളികള്‍. സദ്യക്ക് വേണ്ടതെല്ലാം കടലിനിക്കരെ എത്തിച്ച് വിപണികളും സജീവം. തിരുവോണ ദിവസത്തെ വരവേൽക്കുവാനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു ഇന്ന് ഒമാനിലെ പ്രവാസി മലയാളികൾ. മസ്‌കറ്റിലെ എല്ലാ പ്രധാന കമ്പോളങ്ങളിലും കഴിഞ്ഞ അഞ്ചു ദിവസമായി ഓണച്ചന്തകളാൽ സജീവമായിരുന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി ഓണം പൊടി പൊടിക്കുവാനുള്ള തിരക്കിലായിരുന്നു ഒമാനിലെ മിക്ക പ്രവാസി മലയാളികളും. ഓണത്തിന് ഒരുക്കങ്ങള്‍ എത്ര നടത്തിയാലും വീട്ടമ്മമാർക്ക്‌ മനസ്സ് നിറയില്ല. പൂവും, പുടവയും, പച്ചക്കറിയുമെല്ലാം വാങ്ങുവാൻ എത്തുന്ന വീട്ടമ്മമാരുടെ തിരക്കാണ് എവിടെയും കാണുവാൻ സാധിച്ചത്. മുല്ലപ്പൂവും തൂശനിലയും ഉള്‍പ്പെടെ ഓണേഘോഷങ്ങള്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും മസ്‌കറ്റിലെ കമ്പോളങ്ങളിൽ സുലഭമായി ലഭിക്കുന്നുണ്ട്. "ഓണം ഉണ്ടറിയണം" എന്ന ചൊല്ല് അന്ന്വർത്ഥമാക്കികൊണ്ടു സദ്യ ഒരുക്കുവാനുള്ള വിഭവങ്ങൾ വാങ്ങികൂട്ടുന്ന തിരക്കിലും ആയിരുന്നു മലയാളികൾ . വലിയ പെരുനാളിനോട് ലഭിച്ച തുടർച്ചയായ അവധി ഒമാനിലെ പ്രവാസി മലയാളികൾക്ക്, തിരുവോണ ദിനം വരെ ഗംഭീരമായി ഈ വർഷത്തെ ഓണം ആഘോഷിക്കുവാൻ സാധിച്ചു