നഴ്‌സിങ്ങ് റിക്രൂട്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസിനെ കൊച്ചിയില്‍ സിബിഐ അറസ്റ്റു ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വച്ച് സിബിഐക്ക് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.സിബിഐയുടെ കസ്റ്റഡി അപേക്ഷയും ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യേപ്കഷയും കോടതി നാളെ പരിഗണിക്കും.

പുലര്‍ച്ചെ 3.15 നുള്ള വിമാനത്തിലാണ് ഉതുപ്പ് വര്‍ഗ്ഗീസ് അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്. സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് സിബിഐക്ക് കൈമാറുകയായിരുന്നു. ഈ മാസം 31നകം കീഴടങ്ങണമെന്ന് ഉതുപ്പ് വര്‍ഗ്ഗീസോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് കീഴടങ്ങാനായാണ് ഇയാള്‍ കൊച്ചിയിലെത്തിയതെന്നാണ് സൂചന. തുടര്‍ന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്തിച്ച ഇയാളെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആസ്​പത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഉതുപ്പ് വര്‍ഗീസ് ആദ്യം തട്ടിപ്പ് നടത്തിയത്. കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവിനെ ഒന്നാം പ്രതിയാക്കി സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കൊച്ചിയിലെ 'അല്‍ സറാഫ' എന്ന ഏജന്‍സി വഴി നടത്തിയ റിക്രൂട്ട്‌മെന്റില്‍ ഉതുപ്പ് വര്‍ഗീസ് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കേസ്. കേസെടുത്തതിനു പിന്നാലെ അബുദാബിയിലേക്ക് കടന്ന ഉതുപ്പ് വര്‍ഗീസിനെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തിരുന്നു.