ജാതി ചിഹ്നങ്ങളുടെ ദുരുപയോഗം ദേശവിരുദ്ധവും ഭരണഘടനയുടെ അന്തസ്സിന് ചേർന്നതല്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

ലക്നൗ: മതചിഹ്നങ്ങള്‍ ഉയർത്തിയുള്ള റാലികൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ. പോലീസ് രേഖകളിലും പൊതുസ്ഥലങ്ങളിലും ജാതി വ്യക്തമാക്കുന്ന എഴുത്തുകളോ സൂചനകളോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. അലഹബാദ് ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഉത്തരവ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ഉയർച്ചയ്ക്ക് എതിരാണെന്ന് ചൂണ്ടികാട്ടി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

ജാതി ചിഹ്നങ്ങളുടെ ദുരുപയോഗം ദേശവിരുദ്ധവും ഭരണഘടനയുടെ അന്തസ്സിന് ചേർന്നതല്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കൂടാതെ എഫ്ഐആർ, അറസ്റ്റ് വാറന്റ്, പോലീസ് സ്റ്റേഷൻ രേഖകൾ എന്നിവയിൽ നിന്ന് ജാതി പേരുകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും കോടതി മുന്നോട്ട് വെച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാതി അടിസ്ഥാനത്തിൽ റാലികൾ നിരോധിച്ചുകൊണ്ട് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിറക്കിയത്. കൂടാതെ എഫ്ഐആർ, അറസ്റ്റ് വാറന്റ്, പോലീസ് സ്റ്റേഷൻ രേഖകൾ എന്നിവയിൽ നിന്ന് ജാതി പേരുകൾ ഒഴിവാക്കണമെന്നും പൊലീസിന് നിർദേശം നൽകി.

പകരം ആളെ തിരിച്ചറിയാൻ രക്ഷിതാക്കളുടെ പേര് ചേർക്കണം. കൂടാതെ ജാതി വ്യക്തമാക്കുന്ന ബോർഡുകൾ വാഹനങ്ങളിലെ സ്റ്റിക്കറുകൾ എന്നിവ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി ദീപക് കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. ജാതി വിവേചനം സൂചിപ്പിക്കുന്നുണ്ടോ എന്നറിയാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും. അതേസമയം ജാതി ഉപയോഗിക്കേണ്ടിവരുന്ന പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിൽ ഈ രീതി ബാധകമാവില്ല.

അത്തരം കേസുകളിൽ ജാതി ഉപയോഗിക്കാവുന്നതാണ്. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ ദളിത് പിന്നോക്ക വിഭാഗക്കാരെ അടിച്ചമർത്താനുള്ള യുപി സർക്കാരിന്റെ ശ്രമമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് വരെ ബിജെപി ഇത്തരം റാലികളും യോഗങ്ങളും നടത്തിയിരുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പിന്നോക്ക വിഭാഗക്കാരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് സർക്കാർ നീക്കമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. എന്നാൽ കോടതി ഉത്തരവിൻമേലുള്ള നടപടി എന്നാണ് സർക്കാർ വാദം.

ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്ക് നിരോധനം; ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി | UP, caste rallies