തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദൂരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് എന്‍സിപി ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. എന്‍സിപിയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശത്രുക്കളുണ്ടായിരുന്നതെന്ന് ജില്ലാ പ്രസിഡന്റ് ടി വി ബോബി പറഞ്ഞു. ഇതിനിടെ ഉഴവൂര്‍ വിജയന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി സാംജിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. അഗ്രോ ഇഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും എന്‍സിപി നേതാവുമായ സുല്‍ഫിക്കര്‍ മയൂരി വിജയനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

മാനസികമായി തളര്‍ന്ന വിജയന്‍ ആശുപത്രിയിലാകുകയായിരുന്നുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ഇതിനിടെ മരണത്തിലെ ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ കോട്ടയം ജില്ലാ കമ്മിറ്റി സുല്‍ഫിക്കര്‍ മയൂരിക്കെതിരെയും രംഗത്തെത്തി.

ഇതിനിടെ ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പിന്തുണക്ക് നന്ദി അറിയിക്കാന്‍ പോയതാണെന്ന് ഉഴവൂരിന്റെ കുടുംബം അറിയിച്ചു. ഏതായാലും പാര്‍ട്ടി നേതാക്കള്‍ തന്നെ വാദിയും പ്രതിയുമായ ഈ കേസ് എന്‍സിപി സംസ്ഥാനഘടകത്തില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകും.