സ്വന്തം മരണ വാര്‍ത്ത കണ്ട് വി കെ ശ്രീരാമന്‍ സന്തോഷത്തിലാണ്

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ സിനിമാതാരങ്ങളുടെ മണരണ വാര്‍ത്ത പരക്കുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ചിലരെങ്കിലും ഇത് വിശ്വിസിച്ച് ഷെയര്‍ ചെയ്യുകയും അനുശോചനവുമായി രംഗത്തെത്തുകയും ചെയ്യുന്നുമുണ്ട്. ഇത്തവണ ഈ ക്രൂര വിനോദത്തിന് ഇരയായത് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനാണ്. വികെ ശ്രീരാമന്‍ മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ ഇന്ന് രാവിലെ മുതല്‍ വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

വാര്‍ത്തയിലും വാര്‍ത്ത പ്രചരിപ്പിക്കുന്നതിലും ആളുകള്‍ വിഷമിക്കുമ്പോള്‍ സ്വന്തം മരണവാര്‍ത്തയില്‍ അല്‍പ്പം കൗതുകവും കുറച്ച് സന്തോഷവുമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കൊലപാതകത്തിന് ഇരയായ വി കെ ശ്രീരാന്‍ തന്നെ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ശ്രദ്ധേയനാണെന്നും തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്നും അറിയാനുള്ള അവസരമാണിതെന്നായിരുന്നു അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. ഫേസ്ബുക്കിലൊന്നും ഇല്ലെങ്കിലും വാര്‍ത്തകളെല്ലാം ഞാനും കേട്ടു. ഞാനിതെല്ലാം ആസ്വദിക്കുകയാണ്. എന്‍റെ മരണത്തില്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ രസമല്ലേ... വി കെ ശ്രീരാമന്‍ പറഞ്ഞു...

അതേസമയം തനിക്ക് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതില്‍ മാനസ്സിക പ്രശ്നങ്ങളില്ലെങ്കിലും ഇത്തരം പ്രവൃത്തികള്‍ മോശപ്പെട്ട സംസ്കാരമായി മാറും. അതില്‍ മാതൃകാപരമായ നടപടിയെടുക്കണം. മാമുക്കോയ, ജഗതി, സലീം കുമാര്‍ എന്നിവരെ കുറിച്ചും മരണ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുമ്പും ചെറിയ തോതില്‍ തന്നെ കൊന്നിട്ടുണ്ട്. ഒന്ന് രണ്ട് വട്ടം കൊലപാതകം നടന്നതാണ്. അതുകൊണ്ട് ഇനിയും മരിക്കാന്‍ തയ്യാറാണെന്നും ശ്രീരാമന്‍ പറഞ്ഞു.