മാണിക്കെതിരെ വി.മുരളീധരന്‍ നടത്തിയ പ്രസ്താവന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍അധ്യക്ഷന്‍ വി.മുരളീധരന് മറ്റു നേതാക്കളുടെ രൂക്ഷവിമര്‍ശനം. മാണി വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാട് മുരളീധരന്‍ തിരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. 

മാണിക്കെതിരെ വി.മുരളീധരന്‍ നടത്തിയ പ്രസ്താവന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ കലം നിലത്തിട്ട് ഉടയ്ക്കുന്ന പരിപാടിയാണ് മുരളീധരന്‍ കാണിച്ചതെന്നായിരുന്നു എം.ടി.രമേശിന്‍റെ വിമര്‍ശനം. 

പാര്‍ട്ടി നിര്‍ദേശിച്ചത് കൊണ്ടാണ് താന്‍ ആദ്യമേ മത്സരിക്കാന്‍ തയ്യാറായതെന്നും അതില്‍ എതിര്‍പ്പുള്ളവര്‍ എന്ത് കൊണ്ട് ആദ്യമേ അത് പറഞ്ഞില്ലെന്നും ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്.ശ്രീധരന്‍പ്പിള്ള ചോദിച്ചു.