ന്യൂഡല്‍ഹി: വിഎസിനെതിരായ പിബി കമ്മീഷൻ റിപ്പോർട്ടിൽ തീരുമാനം ഉടനെന്ന് സീതാറാം യെച്ചൂരി . അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിനു മുൻപ് തീരുമാനമാക്കാനാണ് ശ്രമം .
വിഎസിന്റെ പദവി സംബന്ധിച്ച വിവാദങ്ങളിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനമാണെന്നും യച്ചൂരി പറഞ്ഞു. പി ബി കമ്മീഷൻ റിപ്പോർട്ട് കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി സമർപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേരളത്തിലെ പ്രശ്നങ്ങൾ സംസ്ഥാനത്ത് തന്നെ തീരുമാനിക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഭരണപരിഷാക്കരകമ്മിൻ അധ്യക്ഷപദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനനേതൃത്വവും വി എസും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്തു. വി എസിന് പാർട്ടി പദവി നൽകുന്നതിനോട് സംസ്ഥാനഘടകത്തിന് എതിർപ്പുണ്ടെങ്കിലും പ്രശ്നം വേഗം പരിഹരിക്കണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താല്പര്യം.വി എസിനെതിരെയുള്ള പരാതികളും വിഎസ് ഉന്നയിച്ച പരാതികളും പരിഗണിക്കുന്ന പി ബി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. 17ന് തുടങ്ങുന്ന കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചന
റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ യച്ചൂരി ശ്രമിക്കുമ്പോൾ മറ്റ് അംഗങ്ങൾക്ക് ഇക്കാര്യത്തിൽ താല്പര്യം കുറവാണ്. കൊൽക്കത്ത പ്ലീനത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് കേന്ദ്രകമ്മിറ്റിക്ക് സമർപ്പിക്കാനുള്ള രേഖയും യോഗം തയ്യാറാക്കി.
