എറണാകുളം: വടയമ്പാടി ജാതി മതില്‍ സമരത്തില്‍ ദലിത് ഭൂ അവകാശ സമര മുന്നണി ഇന്ന് നടത്താനിരുന്ന മാര്‍ച്ചില്‍ ആര്‍എസ്എസ് അക്രമണം. ചൂണ്ടിയില്‍ നിന്ന് വടയമ്പാടിയിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമര സമിതി ചൂണ്ടിയില്‍ സമാധാനപരമായി യോഗം ചോരുന്നതിനിടെയാണ് ആര്‍എസ്എസുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. 

സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ കെ.കെ.കൊച്ച്, ഡോ.ധന്യാ മാധവ്, മൂന്നാര്‍ പെമ്പിളഒരുമെ നേതാവ് ഗോമതി, മാധ്യമപ്രവര്‍ത്തകനായ ജീവന്‍, തുടങ്ങിയവരടക്കം അമ്പതോളം പേര്‍ പോലീസ് കസ്റ്റഡിയിലാണ്. വടയമ്പാടി ജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെയുണ്ടായ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. മീഡിയവണ്‍, സൗത്ത് ലൈവ്, ഐഇ മലയാളം എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. 

സമരക്കാരെ കൂടാതെ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സമരക്കാരെ ആര്‍എസ്എസ് അക്രമിക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് സമരക്കാര്‍ ആരോപിച്ചു. സമരക്കാര്‍ സമാധാനപരമായി യോഗം ചോരുന്നതിനിടെ പ്രകടനമായിയെത്തിയ ആര്‍എസ്എസ് പ്രകടനക്കാര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സമരസ്ഥലത്തേക്ക് അതിക്രമിച്ച് കടന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമരസമിതിക്കാരെ അക്രമിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഒഴിവാക്കി സമരസമിതിക്കാരെ മാത്രം തെരഞ്ഞ്പിടിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഈ സമയം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമരസമിതിക്കെതിരെ പ്രകോപനമായ രീതിയില്‍ മുദ്രാവക്യം മുഴക്കുകയായിരുന്നു. സമരസമിതിയിലെ സ്ത്രീകളെയും മാധ്യമ പ്രവര്‍ത്തകരെയും ആര്‍എസ്എസുകാര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. 

സമാധാനപരമായി യോഗം ചോര്‍ന്ന സമരസമിതിയെ ആര്‍എസ്എസ് അക്രമിക്കുമ്പോള്‍ അക്രമികളെ പിടികൂടുന്നതിനുപകരം പോലീസ് സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയായിരുന്നു. യോഗത്തിനെത്തി ചേര്‍ന്ന സ്ത്രീകളെയും സമിതി പ്രവര്‍ത്തകരെയും അടക്കം അമ്പതോളം പേരെ പോലീസ് അറസ്റ്റു ചെയ്തു. ആര്‍എസ്എസ് അക്രമത്തെ തടയാതെ പോലീസ് സമാധാനപരമായി സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ദളിത് കുടുംബങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് വടയമ്പാടി ഭജനമഠത്തുള്ള ഒന്നര ഏക്കറോളം റവന്യൂ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയതിനെതിരെ പത്ത് മാസത്തോളമായി ദളിത് കുടുംബങ്ങള്‍ സമരത്തിലാണ്.