കോഴിക്കാട്: പ്രശസ്തമായ ഓത്തുപള്ളി ഗാനം ആദ്യം ആലപിച്ച പ്രമുഖഗായകനും സംഗീത സംവിധായകനുമായ വടകര കൃഷ്ണദാസ് അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു.

മാപ്പിളപ്പാട്ട് രംഗത്തും വിപ്ലവ ഗാന രംഗത്തും ഒട്ടേറെ സംഭാവന ചെയ്ത സംഗീതജ്ഞനായിരുന്നു വടകര കൃഷ്ണദാസ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടികളില്‍ ഒഞ്ചിയം രക്തസാക്ഷികളെ കുറിച്ചും വിപ്‌ളവകാരികളെ കുറിച്ചും കൃഷ്ണദാസ് പാടിയ പാട്ടുകള്‍ പ്രശസ്തമാണ്.കവി വിടി കുമാരന്‍ മാസ്റ്ററുടെ പ്രേരണയാലാണ് കൃഷ്ണദാസ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നത്.അതിന് ശേഷം ധാരാളം മാപ്പിളപ്പാട്ടുകള്‍ പാടുകയും സംഗീതം നല്‍കുകയും ചെയ്തു. വിപ്‌ളവ ഗാനങ്ങള്‍ ആലപിച്ചു. സംഗീതം നല്‍കി. നാടക ഗാനങ്ങളും പാടി.നിരവധി പാട്ടുകള്‍ എഴുതി സംഗീതം നല്‍കിയിട്ടുണ്ട്. 

പിടി അബ്ദുറഹ്മാന്‍ എഴുതിയ 'ഓത്ത് പള്ളിലന്ന് നമ്മള്‍ പോയിരുന്ന കാലം' എന്ന ഗാനത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണദാസാണ്.1983ല്‍ ഇറങ്ങിയ കണ്ണാടിക്കൂട് എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി വടകര കൃഷ്ണദാസ് സിനിമ മേഖലയിലും കഴിവ് തെളിയിച്ചു.

അദ്ദേഹം പാടിയ കാളവണ്ടി കാളവണ്ടി എന്ന പാട്ടും ഏറെ പ്രശസ്തമാണ്.കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

വടകര കൃഷ്ണദാസ് ആലപിച്ച 'ഓത്തു പള്ളി' ഗാനം കേള്‍ക്കാം