തൃശൂര്‍: വടക്കാഞ്ചേരി ബലാത്സംഗ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ വിലയിരുത്തൽ. ഉന്നത രാഷ്ട്രീയക്കാർ ഉൾപെട്ട കേസിൽ ജാഗ്രതക്കുറവുണ്ടായെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി. തിരുത്തൽ നടപടിയുടെ ഭാഗമായാണ് അന്വേഷണ ചുമതല പേരാമംഗലം സിഐയില്‍ നിന്ന് മാറ്റിയത്. പുതിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു.

ഇന്നലെ യുവതിയുടെ വെളിപ്പെടുത്തല്‍വന്നശേഷമാണ് റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സിറ്റി പോലീസ് കമ്മീഷണറും നേരത്തെ കേസ് അന്വേഷിച്ച പേരാമംഗലം സിഐയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസിന്റെ ഇതുവരെയുള്ള മുഴുവന്‍ ഫയലുകളും റേഞ്ച് ഐജി വിളിച്ചുവരുത്തി പരിശോധിച്ചു. ഇതിനുശേഷമാണ് ഉന്നത രാഷ്ട്രീയക്കാരുള്‍പ്പെട്ട കേസില്‍ പോലീസിന്റ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തല്‍ റേഞ്ച് ഐജിയുടെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് പേരാമംഗലം സിഐയെ മാറ്റി ഗുരുവായൂര്‍ എസിപി ശിവദാസന് അന്വേഷണ ചുമതല കൈമാറി.

വിശദമായ അന്വേഷണം നടത്താനും പോലീസിന്റെ വീഴ്ച അടക്കം അന്വേഷിക്കാനുമാണ് റേഞ്ച് ഐജി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണോ എന്ന കാര്യം പരിശോധിക്കു. കേസിന്റെ ഭാഗമായി യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി ഹാജരാവാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നോട്ടീസ് അയക്കും. യുവതി പറയുന്ന സമയത്തും സ്ഥലത്തുവെച്ചായിരിക്കും മൊഴി രേഖപ്പെടുത്തുക. കേസ് ആദ്യം മുതല്‍ അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ആരോപണവിധേയനായ വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തനുള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയും രേഖപ്പെടുത്തും.