പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പാട്യംഗോപാലന്‍റെ മകൻ കൂടിയായ ഉല്ലേഖിന്‍റെ പുസ്തകം കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് നടത്തുന്നത്.

ആര്‍.എസ്.എസ് - സിപിഎം രാഷ്ട്രീയ കൊലപാതകങ്ങളിലെ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി വാടിക്കൽ രാമകൃഷ്ണൻ അല്ലെന്ന് എൻ.പി.ഉല്ലേഖിന്‍റെ " കണ്ണൂര്‍: ഇൻസൈഡ് ഇന്ത്യ ബ്ളഡീയസ്റ്റ് റിവഞ്ച് പൊളിറ്റിക്സ് " എന്ന പുസ്തകത്തിൽ പറയുന്നു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പാട്യംഗോപാലന്‍റെ മകൻ കൂടിയായ ഉല്ലേഖിന്‍റെ പുസ്തകം കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് നടത്തുന്നത്.

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൽ സിപിഎമ്മിന്‍റെയും ആര്‍.എസ്.എസിന്‍റെയും പങ്ക് ഉല്ലേഖിന്‍റെ ഈ പുസ്തകം വരച്ചുകാട്ടുന്നു. ചോരക്കളിയിൽ കൂടുതൽ രക്തസാക്ഷികളെ കിട്ടിയത് ആര്‍.എസ്.എസിനാണ്. കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ തുടങ്ങി, അത് അക്രമ രാഷ്ട്രീയത്തിലേക്ക് മാറിയ വഴിയിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്. എം.വി.ആറിനെ പോലെ ഓരോ നേതാക്കളും കണ്ണൂരിലെ അക്രമങ്ങൾക്ക് തീപകര്‍ന്നത് പുസ്തകം എടുത്തുകാട്ടുന്നുണ്ട്. ടി.പി.ചന്ദ്രശേഖരൻ വധം, ഫസൽ വധം ഉൾപ്പടെ പരാമര്‍ശിച്ചുപോകുന്ന പുസ്തകം രക്തസാക്ഷികളുടെ കുടുംബങ്ങളുടെ അവസ്ഥയും പറയുന്നു.

കണ്ണൂരിലെ കൊലപാതക ശൈലികളിലും രീതികളും അത് നടത്തിയവരുടെ അനുഭവവും പുസ്തകത്തിലുണ്ട്. ചേകവൻ സംസ്കാരത്തിന്‍റെ തുടര്‍ച്ചയാണ് കണ്ണൂരിലെ അക്രമമെന്ന വാദങ്ങൾ ഉല്ലേഖ് തള്ളിക്കളയുന്നു. ദി അണ്‍ടോൾഡ് വാജ്പേയി, വാര്‍ റൂം എന്ന പുസ്തകങ്ങളും ഇതിന് മുമ്പ് ഉല്ലേഖ് എഴുതിയിട്ടുണ്ട്.